വേഷം ഒരു വിഷയമായി
മത്സരത്തിന് മറ്റു ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്ക് കാണുന്നതുപോലെ കേരളനടനത്തിനും ഒരു തനതായ വേഷം കണ്ടെത്തി, ഫോട്ടോ എടുത്ത് അപേക്ഷയോടൊപ്പം കൊണ്ടുവരണ മെന്നായിരുന്നു സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഉടന്‍ തന്നെ കേരളനടന അദ്ധ്യാപകരും പഠിച്ചു നിക്കുന്നവരും അനുകൂലിക്കുന്നവരും ഒത്തുകൂടണമെന്ന് പത്രത്തില്‍ അറിയിപ്പുകൊടുത്തു. വന്നെത്തിയവരില്‍ നിന്ന് ഒരു എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞെടുക്കുകയും ചര്‍ച്ചകളിലൂടെ ഇന്നു കാണുന്ന മലയാള തനിമയുടെ പഴമയാര്‍ന്ന മനോഹര വേഷം ആ കമ്മറ്റി നിശ്ചയിക്കുകയും ചെയ്തു. സെക്രട്ടറിയുടെ നിരന്തര ശ്രമത്തിലൂടെ 1998 മുതല്‍ കേരളനടനം യുവജനോത്സവത്തില്‍ ഒരു മത്സര ഇനമായി ഇടം നേടി. (അന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ.പി.ജെ ജോസഫായിരുന്നു). ആദ്യം പെണ്‍കുട്ടികള്‍ക്കും പിന്നീട് ആണ്‍കുട്ടികള്‍ക്കും 2012 മുതല്‍ സര്‍വ്വകലാശാല തലത്തിലും അംഗീകാരം ലഭച്ചു.
ഏതൊരു കലയും പ്രദര്‍ശിപ്പിക്കുവാന്‍ അവസരമുണ്ടെങ്കിലേ പഠിക്കാന്‍ വിദ്യാര്‍ത്ഥികളും പഠിപ്പിക്കാന്‍ രക്ഷാകര്‍ത്താക്കളും തയ്യാറാകുകയുള്ളൂ എന്നത് ഒരു സത്യമാണ്. ആദ്യവര്‍ഷം കുട്ടികള്‍ കുറവായിരുന്നെങ്കിലും ക്രമേണ എണ്ണം കൂടുതലായി. കാസര്‍കോടു മുതല്‍ പാറശാല വരെ എല്ലാ ജില്ലകളില്‍ നിന്നും ധാരാളം കുട്ടികള്‍ കേരള നടനം അഭ്യസിച്ച് രംഗത്ത് വരുന്നു.
ശരിയായ കേരളനടനത്തിന്‍റെ പ്രചരണാര്‍ത്ഥം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഗുരുജിയുടെ ആദ്യകാല ശിഷ്യ ഗുരുശ്രേഷ്ട ശ്രീമതി ഭവാനി ചെല്ലപ്പന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ (കേരളനടന അദ്ധ്യാപകര്‍) ശില്‍പശാല നടത്തി വരുന്നു. കൊല്ലത്ത് ശില്പശാലയെ തുടര്‍ന്ന് പുതിയകാവ് ദേവീക്ഷേത്രഭരണസമിതിയുടെ അംഗീകാരത്തോടെ 2014 മുതല്‍ സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ സാറിന്‍റെ മേല്‍നോട്ടത്തില്‍ ഗുരുഗോപിനാഥ് ട്രസ്റ്റ് കേരളനടന അക്കാദമി ആരംഭിച്ചു. കലാമണ്ഡലം പാസായവരുള്‍പ്പടെ ധാരളം വിദ്യര്‍ത്ഥികള്‍ കേരളനടനം പഠിക്കുന്നു അവിടെ ഞാന്‍ ക്ലാസ് എടുക്കുന്നു. ആതിര സുന്ദര്‍. (എം.പി.എ ഡാന്‍സ്) ഭരതനാട്യവും പഠിപ്പിക്കുന്നു.
കേരളനടന വേഷം നിശ്ചയിച്ച കലാകാരന്മാര്‍
1) പ്രൊഫസ്സര്‍. ശ്രീ.കെ ശങ്കരന്‍കുട്ടി (Retd. HOD in Dance, SST College)
2) പ്രൊഫസ്സര്‍. തൃപ്പൂണിത്തുറ പി.കെ.വിജയഭാനു (Retd. SST College)
3) ഗുരുശ്രേഷ്ട ശ്രീമതി കോട്ടയം ഭവാനിചെല്ലപ്പന്‍ (ഡയറക്ടര്‍ ഭാരതീയ നൃത്തകലാലയം)
4) പ്രൊഫസ്സര്‍.ഡി.കെ സുന്ദരേശ്വരി അമ്മ (Retd. HOD in Dance, SST College)
5) പ്രൊഫസ്സര്‍. എസ്സ്.ലേഖാ തങ്കച്ചി ( HOD in Dance, SST College)
6) നടനഭൂഷണം നന്ദന്‍കോട് എസ്.വിനയചന്ദ്രന്‍ (ഡയറക്ടര്‍, തരംഗ് ഡാന്‍സ് അക്കാഡമി)
50 വര്‍ഷം കേരളനടവുമായി പരിചയമുള്ള ഒരദ്ധ്യാപിക എന്ന നിലയില്‍ എന്‍റെ ചില നിര്‍ദ്ദേശങ്ങള്‍.
1) കേരള നടനത്തിന് പാടുമ്പോള്‍ മദ്ദളം ആവശ്യമില്ല. പാട്ട് ഒന്നും വ്യക്തമാകുകയില്ല. പാട്ടിന് മൃദംഗം അല്ലെങ്കില്‍ ഇടയ്ക്ക മാത്രം മതി. വിന്യാസം (കഥ) അഭിനയിക്കുമ്പോള്‍ മാത്രം മദ്ദളം മതിയാകും.
2) എപ്പോഴും കലാശം വേണമെന്നില്ല. കഥകളി പദങ്ങള്‍ക്കോ അതുപോലെയുള്ള സന്ദര്‍ഭത്തിലോ മാത്രം കലാശം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.
3) സ്വാതിതിരുനാള്‍ പദങ്ങള്‍ അല്ലെങ്കില്‍ കീര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കലാശം വേണമെന്നില്ല. പല്ലവി ആവര്‍ത്തിച്ചുവരുന്ന സന്ദര്‍ഭത്തില്‍ അറുതിയ്ക്ക് അതാതു താളത്തിലുള്ള തീരുമാനങ്ങള്‍ ആണ് ഭംഗി. കീര്‍ത്തനമാണെങ്കില്‍ മേളക്കൊഴിപ്പിനായി ചിട്ടസ്വരം ഉള്‍പ്പെടുത്താവുന്നതാണ്.
4) കേരള നടനത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന വേഷത്തില്‍ കൂടുതലായി ഉപയോഗിക്കാന്‍ പാടില്ല. ചിലങ്കയുടെ തൊട്ടുമുകളിലായി വേഷത്തിന്‍റെ അടിഭാഗം (മുണ്ട്) നില്‍ക്കണം. കേറിപോകരുത്. മുണ്ടിന്‍റെ ഇടതു വശത്ത് കുറഞ്ഞത് 5 ഞൊറി എങ്കിലും വേണം. താഴെ തുമ്പില്‍ പാവാടയുമായി പിന്‍ ചെയ്യണം. വലതുവശം കുത്തുമ്പോള്‍ 6-7 ഞൊറി ഉണ്ടാകണം. ഇപ്രകാരം ചെയ്താല്‍ അടിവസ്ത്രം കാണുകയില്ല. വേഷം തൈപ്പിക്കുമ്പോള്‍ ഈ കാര്യം പ്രത്യേകം പറയണം. അതുപോലെ തികിത തൈ ചവിട്ടുമ്പോള്‍ വലതുകാല്‍ കുടയുമ്പോള്‍ ഇടതു കാലിന്‍റെ മുട്ടിന് താഴെ കാല്‍പ്പത്തി ഉള്ളിലോട്ട് മടക്കി പിടിച്ച് കുടയേണ്ടതാണ്. (കാല്‍വെള്ള കാണാത്ത രീതിയില്‍)
5) കേരളനടനം ക്വാളിഫിക്കേഷന്‍ ഉള്ളവരില്‍ നിന്നും പഠിച്ചു പഠിപ്പിക്കുകയോ കുറഞ്ഞത് മൂന്നു ശില്പശാലയിലെങ്കിലും പങ്കെടുത്ത് അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കിയിട്ട് പഠിപ്പിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ചില കഴിവുള്ള കുട്ടികള്‍ പോലും ഈ പാകപ്പിഴ കളാല്‍ പിന്നിലാക്കപ്പെടുന്നു.
6) ക്വാളിഫൈഡ് ആയവരോ അല്ലെങ്കില്‍ അതുപോലെ അറിവുള്ളവരോ വേണം മത്സരം വിലയിരുത്താന്‍.
2008 ല്‍ മുപ്പത് വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ഞാന്‍ റിട്ടയര്‍ ചെയ്തു. പിന്നീട് ശ്രീമതി രാജി.പി.വി (എം.പി.എ), ശ്രീമതി ശരണ്യ.എസ് (എം.പി.എ) എന്നിവര്‍ നിയമിതരായി. ഇപ്പോഴും നല്ല രീതിയില്‍ ക്ലാസ്സുകള്‍ നടക്കുന്നു. ഇപ്പോഴുള്ള അദ്ധ്യാപകരും വരും തലമുറക്കാരും നൃത്തവിഭാഗത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എന്‍റെ ഭരതനാട്യ ഗുരു ശ്രീ.നട്ടുവം പരമശിവമോനോന്‍ ആണ്.
Recommended Posts
അഫിലിയേഷന്
July 6, 2019
കേരള നടനം ബിരുദാനന്തരബിരുദത്തിലേക്ക്
July 6, 2019
കേരളനടനം സംഗീത കോളേജില്‍
July 6, 2019