ഗുരുജിയും കേരള നടനവും
നൃത്തം ചലനമാണ്. അത് അനിര്‍വചനീയമായ അനുഭൂതി നല്‍കുന്ന ഒന്നാണ്. പ്രകൃതിയുടെ താളവാദ്യലയങ്ങള്‍ക്കൊപ്പം കാറ്റില്‍ ഇളകിയാടുന്ന ഇലകളില്‍ പ്രാപഞ്ചികമായ ചുവടുകളെ ദര്‍ശിക്കാനാകുമെങ്കില്‍ കലയുടെ സര്‍ഗ്ഗാത്മക വസന്തങ്ങളില്‍ നാട്യകലയുടെ അനുഭൂതികള്‍ മലയാളക്കരയുടെ മനസ്സുകളിലേക്ക് പകര്‍ന്ന കഥകളിയുടെ ആത്മാവിനെ നെഞ്ചിലേറ്റിയ ശാസ്ത്രീയവും സര്‍ഗ്ഗാത്മകവുമായ ഒരു കലാരൂപമാണ് കേരളനടനം.
നടനകലാനിധി ഡോ.ഗുരുഗോപിനാഥ് ആണ് കേരളനടനത്തിന്‍റെ ഉപജ്ഞാതാവ്. കേരളത്തിന്‍റെ സ്വന്തം എന്നവകാശപ്പെടാവുന്ന നമ്മുടെ അഭിമാന കലയായ കഥകളിയാണ് ഇതിന്‍റെ അടിസ്ഥാനം. കഠിന പ്രയത്നത്തിലൂടെ അനേക വര്‍ഷത്തെ സാധകമുറകളില്‍ നേടിയെടുക്കുന്ന മഹത്തായ കലയാണ് കഥകളി. പതിമൂന്ന് വര്‍ഷം കഥകളി അഭ്യസിച്ചതിനു ശേഷമാണ് 1931 ല്‍ ഡോ.ഗുരുഗോപിനാഥ് സഹനര്‍ത്തകിയും അമേരിക്കന്‍ വനിതയുമായ രാഗിണിദേവിയുമായി സഹകരിച്ച് കേരളനടനം എന്ന ഒരു നൂതന ന്യത്തശൈലിക്ക് രൂപം കൊടുത്തത്. ആ കാലത്ത് കഥകളി ക്ഷേത്രങ്ങളിലും ചില ഇല്ലങ്ങളിലുമാണ് അവതരിപ്പിച്ചിരുന്നത്. കഥകളി പഠിച്ചെടുക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള സമയദൈര്‍ഘ്യം, ആസ്വദിക്കുന്നതിനുള്ള അറിവുകുറവ്, പെണ്‍കുട്ടികള്‍ക്ക് നൃത്തം പഠിക്കുന്നതിനുള്ള അവസരമില്ലായ്മ ഇതൊക്കെ കണക്കിലെടുത്താണ് അദ്ദേഹം ഇങ്ങനെയൊരു നൃത്തരൂപത്തിന് തുടക്കം കുറിച്ചത്. കഥകളിയിലെ ആഹാര്യഭിനയത്തെ മാറ്റിനിര്‍ത്തി ആംഗിക വാചിക സാത്വികാഭിനയരീതി സ്വീകരിച്ച്, ചുവടുകള്‍, കലാശങ്ങള്‍, ഭാവപ്രകടനങ്ങള്‍ എന്നിവയെ ലഘൂകരിച്ച് നാട്യധര്‍മ്മിയ്ക്കൊപ്പം പ്രേക്ഷക ഹൃദയങ്ങളില്‍ വളരെ പെട്ടന്ന് കടന്നുചെല്ലുവാന്‍ സാദ്ധ്യതകളേറെയുള്ള ലോകധര്‍മ്മി പ്രയോഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രൂപപ്പെടുത്തി എടുത്ത ഒരു നൃത്തശൈലിയാണ് കേരളനടനം. ഹസ്തലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകള്‍, നാട്യശാസ്ത്ര വിധിപ്രകാരമുള്ള അംഗ-പ്രത്യംഗ-ഉപാംഗ കര്‍മ്മങ്ങളുടെ പ്രയോഗങ്ങള്‍, സപ്തതാളങ്ങള്‍, കലാശങ്ങള്‍, വിവിധ ചാരികള്‍, നവരസാഭിനയ ക്രമങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ കേരളനടനത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
ശിവപാര്‍വ്വതി ന്യത്തം, ലക്ഷ് മിനാരായണ ന്യത്തം, മയൂര ന്യത്തം, നാഗിണി ഡാന്‍സ്, ഗരുഡനൃത്തം ഇവയൊക്കെയാണ് ആദ്യമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. അന്ന് അദ്ദേഹം അതാത് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വേഷമാണ് സ്വീകരിച്ചിരുന്നത്. (ഇന്നും അത് തുടരുന്നു. സാധാരണ ഒരു നൃത്തപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വേഷഭൂഷാദികള്‍ ധരിക്കാവുന്നതാണ്. ഉദാ: ശിവന്‍, പാര്‍വ്വതി, രാധ, കൃഷ്ണന്‍ തുടങ്ങിയവ….). ഭാരതത്തിന്‍റെ പലഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും അദ്ദേഹം ഈ പുതിയ നൃത്തശൈലിയിലൂടെ പരിപാടികള്‍ അവതരിപ്പിച്ച് കഥകളിക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രവീന്ദ്രനാഥടാഗോര്‍, തിരുവിതാംകൂര്‍ മഹാരാജാവ് തുടങ്ങിയവരില്‍ നിന്ന് ധാരാളം പാരിതോഷികങ്ങളും പ്രശസ്തിപത്രങ്ങളും അദ്ദേഹത്തിനു ലഭിച്ചു. ആദ്യകാലങ്ങളില്‍ ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്, ഓറിയന്‍റല്‍ ഡാന്‍സ്, കഥകളിനടനം എന്നൊക്കെയായിരുന്നു അദ്ദേഹം പേരുനല്‍കിയിരുന്നത്. വര്‍ഷങ്ങളുടെ പല പരീക്ഷണ നിരീക്ഷണത്തിനു ശേഷമാണ് അദ്ദേഹം കേരളനടനം എന്ന പേര് നല്‍കിയത്. ഈ നൃത്തം അഭ്യസിച്ച അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ പലരും പില്‍ക്കാലത്ത് പ്രശസ്ത നര്‍ത്തകരായി അറിയപ്പെട്ടിട്ടുണ്ട്. ഉദയശങ്കര്‍, മൃണാളിനി സാരാഭായ്, പത്മാസുബ്രഹ്മണ്യം, ലളിത-പത്മിനി-രാഗിണിമാര്‍ പ്രൊഫസര്‍ കെ. ശങ്കരന്‍കുട്ടി, ഗുരു ചന്ദ്രശേഖരന്‍, കോട്ടയം ചെല്ലപ്പന്‍, ഭവാനി ചെല്ലപ്പന്‍ അങ്ങനെ പലരും.
നൃത്തം അഭ്യസിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ബുക്കുകളും അദ്ദേഹം എഴുതി പ്രസിദ്ധപ്പെടുത്തി.
1) അഭിനയങ്കുരം
2) ക്ലാസിക്കല്‍ ഡാന്‍സ് പോസ്സസ്സ് ഓഫ് ഇന്‍ഡ്യാ (ഇംഗ്ലീഷ്)
3) അഭിനയപ്രകാശിക
4) കഥകളി നടനം
5) നടന കൈരളി
6) താളവും നടനവും
7) എന്‍റെ ജീവിതസ്മരണകള്‍
തികഞ്ഞ ഒരു മൂകാംബികാ ഭക്തനായ ഗുരുജി 1987-ല്‍ എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ വച്ച് രാമായണം ബാലെയില്‍ ദശരഥന്‍റെ വേഷം അണിഞ്ഞ് അഭിനയിച്ചു കൊണ്ടിരിക്കെ ആ ജീവന്‍ പൊലിഞ്ഞു പോയി. അദ്ദേഹത്തിന്‍റെ മരണശേഷം കേരളനടനത്തിന് മങ്ങലേറ്റ കാലഘട്ടമായിരുന്നു. അദ്ദേഹം നടത്തിയിരുന്ന വട്ടിയൂര്‍ക്കാവ് വിശ്വകലാ കേന്ദ്രത്തിലും, സംഗീതകോളേജിലും അദ്ദേഹത്തിന്‍റെ ചുരുക്കം ചില ശിഷ്യര്‍ നടത്തിയിരുന്ന നൃത്ത വിദ്യാലയത്തിലും മാത്രമായിരുന്നത് കേരളനടനം പഠിപ്പിച്ചിരുന്നത്. 1992 ല്‍ അമേരിക്കയില്‍ താമസിക്കുന്ന ഗുരുജിയുടെ മൂത്ത മകള്‍ ശ്രീമതി വാസന്തി ജയസ്വാള്‍ തിരുവനന്തപുരത്തുവരികയും കേരളനടനം അഭ്യസിച്ചിട്ടുള്ള എല്ലാ കലാകാരന്മാരേയും സംഘടിപ്പിച്ച് മൂന്ന് ദിവസത്തെ കേരളനടന ലോകമേള നടത്തുകയുണ്ടായി. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ കേരളനടനത്തിന്‍റെ ഉയര്‍ച്ചയ്ക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച വട്ടിയൂര്‍ക്കാവിലുള്ള സ്ഥലം ഇപ്പോള്‍ നടനഗ്രാമം എന്നറിയപ്പെടുന്നു. അത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയും രാജ്യത്തെ ഏറ്റവും വലിയ ഡാന്‍സ് മ്യൂസിയമായി പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ കേരളനടനവും മറ്റുകലകളും പഠിപ്പിക്കുന്നു.
Recommended Posts
വേഷം ഒരു വിഷയമായി
July 6, 2019
അഫിലിയേഷന്
July 6, 2019
കേരള നടനം ബിരുദാനന്തരബിരുദത്തിലേക്ക്
July 6, 2019